Tuesday, 4 March 2014

ജി.എസ്.ടി.യു. പ്രക്ഷോഭത്തിലേക്ക്....

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 1:30, 1:35 എന്നിങ്ങനെയുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിഷേധിക്കുന്ന ഗവണ്‍മെന്റ് നടപടിയില്‍ ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ സെക്രട്ടറിയറ്റ് യോഗം ശക്തമായി പ്രതിഷേധിച്ചു. അധ്യാപക സംഘടനകളുടെ സമരങ്ങളുടേയും  കോടതിയുടെ ഇടപെടലുകളുടേയും അടിസ്ഥാനത്തില്‍ മരവിപ്പിച്ചിരുന്ന സ്കൂള്‍ അധ്യാപകരുടെ ഫിക്സേഷന്‍ ഉത്തരവ് വീണ്ടും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ ഉത്തരവ് അനുസരിച്ച് 1:45 എന്ന അധ്യാപക - വിദ്യാര്‍ഥി അനുപാതം പാലിച്ചാണ് ഫിക്സേഷന്‍ നടത്തേണ്ടത്.   എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് കുട്ടികളുടെ എണ്ണം കുറവാണെങ്കിലും അതേ വിദ്യാലയത്തില്‍ നിലനില്‍ക്കുന്നതിന് അവസരമുണ്ട്. എന്നാല്‍ ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകര്‍ക്ക് ഈ ആനുകൂല്യം നിഷേധിച്ചിരിക്കുകയാണ്. ഇത് ആയിരക്കണക്കിന്  അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിന് ഇടയാക്കും. തന്നെയുമല്ല ഗവണ്‍മെന്റ് മേഖലയില്‍ അടുത്ത ഒരു പത്തു വര്‍ഷത്തേക്ക് യാതൊരു വിധ അധ്യാപക നിയമനങ്ങളും നടക്കാനുള്ള സാധ്യതയും ഈ ഉത്തരവിലൂടെ ഇല്ലാതാകുന്നു. വിദ്യാഭ്യാസ രംഗത്തെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും നിലവിലുള്ള ഫിക്സേഷന്‍ ഉത്തരവ് റദ്ദ് ചെയ്ത്  വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള സ്റ്റാഫ് ഫിക്സേഷനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും  ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി  ജി.എസ്.ടി.യു. നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി  ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച്  ഏഴാം തീയതി വെള്ളിയാഴ്ച അധ്യാപക മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ, ട്രഷറര്‍ കെ.എന്‍.രാജപ്പന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സി.സി.മധു, എം.വി.സുഭാഷ്, കെ.എന്‍.രഞ്ചന, എം.ഉമ്മര്‍ കുഞ്ഞ്, ബി.രാധാകൃഷ്ണന്‍, പി.ബി.സക്കീര്‍ ഹുസൈന്‍, ഇ.ആര്‍. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment